Saturday, October 27, 2007

സ്പാം പ്രശ്നം

സുഹൃത്തുക്കളേ,
ഈയിടെയായി മറുമൊഴികള്‍ ഗ്രൂപ്പില്‍ ക്രമാതീതമായി സ്പാം മെസേജുകള്‍ വര്‍ദ്ധിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഓരോ ബ്ലോഗിലും വരുന്ന സ്പാം കമന്റുകള്‍ പല തുള്ളി പെരുവെള്ളമായി ഗ്രൂപ്പില്‍ വരുന്നതാണ്. ഈ ശല്ല്യം ഒഴിവാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം എല്ലാവരും സ്വന്തം ബ്ലോഗില്‍ കമന്റ് ഓപ്ഷനിലെ വേഡ് വെരിഫിക്കേഷന്‍ ഓണാക്കുകയാണ്. അനോണിമസ് ഓപ്ഷന്‍ ഒഴിവാക്കുന്നതില്‍ വിരോധമില്ലാത്തവര്‍ അത് ചെയ്യുന്നതും നല്ലതാണ്. എല്ലാവരും സഹകരിച്ചാല്‍ നമ്മള്‍ക്ക് ഈ സ്പാം ശല്ല്യത്തെ മറികടക്കാം. നന്ദി.

Tuesday, July 3, 2007

മറുമൊഴികള്‍ - സ്ഥിതിവിവര ശേഖരം

ബൂലോഗരേ,

ചില മറുമൊഴികളിലെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നേറേണ്ടതിനായി ചില സ്ഥിതിവിവര-വിശകലനങ്ങള്‍ (സ്റ്റാറ്റിറ്റിക്കല്‍ അനാലിനിസ്) ആവശ്യമാണ്. ആയതിലേയ്ക്കായി സഹകരിക്കുക. ദിവസേന ഏകദേശം എത്രത്തോളം കമെന്റ്സ് വരുന്നുണ്ട്, എത്ര ബ്ലോഗുകള്‍ മറുമൊഴിയിലേയ്ക്ക് കമെന്റ്സ് തുറന്ന് വിട്ടിട്ടുണ്ട് എന്ന് അറിയേണ്ടതുണ്ട്.

ദയവായി മറുമൊഴിയിലേയ്ക് കമെന്റ് നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്തവര്‍ ഇവിടെ തങ്ങളുടെ ബ്ലോഗിന്റെ പേര്‍(ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതും) ഒന്നു കമെന്റിടൂ

Friday, June 22, 2007

മറുമൊഴിയെപ്പറ്റി ഒരു വാക്ക്

പ്രിയപ്പെട്ടവരേ,

മറുമൊഴികള്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പും അവിടെ ബ്ലോഗിലെ കമന്റുകള്‍ തെളിയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനത്തെയും പറ്റി പലരും പല വിധത്തിലുള്ള സംശയങ്ങള്‍ ഉന്നയിച്ചു കണ്ടു. അതിനാല്‍ മറുമൊഴികളെപ്പറ്റിയുള്ള ചില വസ്തുതകള്‍ ബൂലോക സമക്ഷം സമര്‍പ്പിക്കട്ടെ.

  • മറുമൊഴികള്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പും അവിടെ ബ്ലോഗിലെ കമന്റുകള്‍ തെളിയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനവും ഒരു വ്യക്തിയോ ഒരു സ്ഥാപനമോ നടത്തുന്നതല്ല. ഇത് അനേകം ബ്ലോഗെഴുത്തു കാരുടെ പരിശ്രമ ഫലമായി ഉയര്‍ന്നു വന്ന ഒന്നാണ്. പല കാരണങ്ങളാലും പേരു വെളിപ്പെടുത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്.

  • ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലു വിളിക്കുന്ന തരം സൃഷ്ടികള്‍ മാത്രമേ തല്‍ക്കാലം മറുമൊഴികളില്‍ വിലക്കിയിട്ടുള്ളൂ. ബ്ലോഗു നീളെ തെറി വിളിച്ച് മറുമൊഴി നിറയ്ക്കാന്‍ ഭാവിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ അത് ചെയ്യട്ടെ, അതു കൊണ്ട് ഇടിയുന്ന വില മറുമൊഴിയുടേതല്ലല്ലോ.

  • മറുമൊഴിയുടെ സെര്‍വര്‍ ഇപ്പോള്‍ ഓടുന്നത് ഭാരതത്തില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും യൂ.ഏ.ഇ യില്‍ ഒന്ന്, ഫിലാഡെല്‍ഫിയ, ടോക്യോ എന്നിവിടങ്ങളില്‍ ഒന്ന് എന്ന തോതിലുമാണ്.

  • 24 മണിക്കൂര്‍ കണക്ടിവിറ്റി, പൂര്‍ണ്ണാധികാരമുള്ള ഒരു വിന്‍ഡോസ് പിസി/ലാപ്ടോപ്പ് എന്നിവയും സെര്‍‌വര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറുമൊഴിയെ ശ്രദ്ധിക്കാന്‍ ഒരു കണ്ണും ചെലവാക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും പത്ത് മിനിറ്റ് കൊണ്ട് മറുമൊഴി സെര്‍‌വര്‍ സെറ്റപ്പ് ചെയ്യാവുന്നതാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കമ്പ്യൂട്ടറല്ലാതെ സ്വന്തം കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ ഇതിനായി പങ്കു വയ്ക്കാന്‍ തയ്യാറുള്ള ഏതാനും ബ്ലോഗെഴുത്ത് കാരാണ് മേല്‍പ്പരഞ്ഞ സെര്‍‌വറുകള്‍ ഓടിക്കുന്നത്. ഇനിയും ആരെങ്കിലും അതിനു തയ്യാറായാല്‍ സ്വാഗതം.

  • ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒട്ടനവധിയാണ്. അവരുടെ പേരുകള്‍ എടുത്തുപറഞ്ഞാല്‍ മാത്രമേ മറുമൊഴി വായിക്കു മറുമൊഴിയിലൂടെ കമന്റ് ഒഴുക്കു എന്ന് വാശിയുള്ളവരെ ആരും നിര്‍ബന്ധിക്കുന്നില്ല. കാരണം ഇത് ഒരു വാശിയുടെ പുറത്തു തുടങ്ങിയതല്ല. കമന്റുകളെ ജനകീയം ആക്കാനുള്ള ശ്രമം ആയിരുന്നു. ഇതിന്റെ പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയും ഇല്ല. അതായത് പ്രശസ്തമായ മറ്റുമൊഴികളെ പോലെ പില്‍ക്കാലത്ത് ഇതൊരു വാണിജ്യ സംരഭം ആയിട്ട് ഉയരില്ല എന്ന ഉറപ്പ് ഇതിന്റെ പിന്നിലുള്ളവര്‍ക്കെല്ലാം ഉണ്ട്


ചുരുക്കത്തില്‍,
മറുമൊഴി ജനകീയമാണ്, ഇതിനു മുതലാളി ഇല്ല.
നമ്മുടെ കമന്റുകള്‍ നമ്മുടെ സെര്‍‌വറുകളിലൂടെ നമ്മുടെ ഗ്രൂപ്പിലെത്തുന്നു.


നന്ദി, ജയ് ഹിന്ദ്.

Saturday, June 9, 2007

മറുമൊഴികള്‍ (പുതിയ മൊഴി കൂട്ടായ്മ)





ബ്ലോഗ് പോസ്റ്റുകളില്‍ വായനക്കാരെഴുതുന്ന അഭിപ്രായങ്ങള്‍ കാണാനുള്ള മൊഴിക്കൂട്ടങ്ങളില്‍ ഒന്ന്.


സാങ്കേതിതമായി ചെയ്യേണ്ട കാര്യങ്ങള്‍

1) നിങ്ങളുടെ ബ്ലോഗില്‍ കമെന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് (Comment Notification Address ) marumozhikal@gmail.com എന്നാക്കുക (Blogger Dashboard-> Settings-> Comments-> Comment Notification Address)


2) അഭിപ്രായങ്ങള്‍ കാണാനായി http://groups.google.co.in/group/marumozhikal എന്ന ഗൂഗിള്‍ സംഘം സന്ദര്‍ശിക്കുക


3)മേല്‍പ്പറഞ്ഞ ഗൂഗിള്‍ സംഘത്തില്‍ ചേര്‍ന്നാല്‍ സന്ദേശം (e-Mail) ആയും കമെന്റുകള്‍ വരും.

അതു വഴി തിരഞ്ഞെടുത്ത(Filtering) വായന ആവശ്യമെങ്കില്‍ അതും ആകാം.


-- മറുമൊഴി സംഘം